ദൈവത്തിന്റെ അപ്രതീക്ഷിതമായ ഉത്തരങ്ങൾ

വേദപുസ്തകത്തിൽ യോഹന്നാൻ 16:23-24ൽ യേശു നമ്മൾക്ക് നല്കിയിരിക്കുന്ന വാഗ്‌ദാനം സ്‌തബ്‌ധമാക്കുന്ന, നിർണ്ണായകമായ, മഹത്വകരമായ ഒന്നാണ്

അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും

പിതാവ് നൽകാമെന്ന് പറഞ്ഞിരിക്കുന്ന പൂർണ സന്തോഷം നമ്മൾക്ക് വേണമെന്നതുകൊണ്ടു, നാം തീക്ഷണമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പിതാവിനോട് ചോദിക്കുന്നു. നിസ്സാരമോ ലൗകീകമായ കാര്യങ്ങൾക്കു വേണ്ടി നാം ചോദിക്കുന്നില്ല , കാരണം യാക്കോബ് അപ്പോസ്തലൻ പറയുന്നത് എന്താണെന്ന് നമുക്കറിയാം : “നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല” (യാക്കോബ് 4:3) അല്ല, നമ്മൾ പ്രാർത്ഥിക്കുന്നത് കൂടുതൽ വിശ്വാസത്തിനും സ്നേഹത്തിനും വിശുദ്ധിക്കും ജ്ഞാനത്തിനും വിവേചനത്തിനും ദൈവകൃപ അനുഭവിക്കുന്നതിനും ധൈര്യത്തിന്നും ദൈവത്തിലുള്ള ആനന്ദത്തിനും അതേസമയം ലൗകീകമായ കാര്യങ്ങളിൽ താല്പര്യം കുറയുന്നതിനുമാണ്.

അപ്രതീക്ഷിതമായ ഉത്തരങ്ങൾ

 

അത്തരം തീവ്രമായ ആഗ്രഹങ്ങളും പ്രാർത്ഥനകളും ആത്മാര്ഥമായതു കൊണ്ട് തന്നെ, ദൈവം അതിനെ സ്നേഹിക്കയും അവയ്ക്കു ഉത്തരം നൽകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ നാം നമ്മെതന്നെയും, നമ്മുടെ പാപസ്വഭാവത്തിന്റെ ആഴവും വ്യാപനവും, നാം ചോദിക്കുന്നത് ലഭിക്കാൻ നമ്മിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും അറിയുന്നില്ല. എന്നാൽ നമ്മുടെ പ്രാർത്ഥനകൾക്കുള്ള ദൈവത്തിന്റെ ഉത്തരങ്ങളെക്കുറിച്ചു യാഥാർഥ്യമല്ലാത്ത , ഭാവനാപരമായ സങ്കല്പങ്ങളും പ്രതീക്ഷകളും ഇല്ലാതിരിക്കാൻ നമുക്ക് സാധിക്കുന്നില്ല.

അത് കൊണ്ട് തന്നെ , ദൈവത്തിന്റെ ഉത്തരങ്ങൾ സ്വീകരിക്കുന്നതിന് മിക്കവാറും നാം ഒരുക്കമുള്ളവരല്ല. ആദ്യ നോട്ടത്തിൽ അവന്റെ ഉത്തരങ്ങൾ മിക്കവാറും ഉത്തരങ്ങളായി നമുക്ക് തോന്നുന്നതുമില്ല.അതിനെ നമുക്ക് ബുദ്ധിമുട്ടായും തടസ്സമായുമാണ് തോന്നുന്നത്. നഷ്ടം, നിരാശ, കഷ്ടത, വഴക്ക്, സങ്കടം, കൂടുതൽ സ്വാർത്ഥത ഒക്കെയാണ് ഇതെന്ന് തോന്നുന്നത്. ഇവ കാരണം ആഴത്തിലുള്ള ആത്മാവിന്റെ മല്പിടുത്തങ്ങൾ ഉണ്ടാവുകയും, നമ്മുടെ പാപത്തെയും സംശയങ്ങളെയും ഭയങ്ങളെയും മറനീക്കി കാണിക്കുകയും ചെയ്യും. അവ നാം പ്രതീക്ഷിക്കുന്നതല്ല , അവ നമ്മുടെ പ്രാർത്ഥനകളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് കാണാനും പലപ്പോഴും കഴിയുന്നില്ല.

നമ്മൾ എന്താണ് പ്രതീക്ഷിക്കേണ്ടത് ?

 

ദൈവത്തോടുള്ള വലിയ ആഴത്തിലുള്ള സ്നേഹം ഉണ്ടാകേണ്ടതിന്നു അപേക്ഷിച്ചാൽ , എന്ത് ലഭിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത് ? നമ്മുടെ പാപത്തിന്റെ വഷളതത്തിന്റെ ആഴവും പരപ്പിനെക്കുറിച്ചും കൂടുതൽ ബോധ്യം നൽകുന്ന ഉത്തരങ്ങൾ ലഭിക്കും, എന്തെന്നാൽ കൂടുതൽ ക്ഷമിച്ചു കിട്ടിയവൻ കൂടുതൽ സ്നേഹിക്കുന്നു, കുറച്ചു ക്ഷമിച്ചു കിട്ടിയവൻ കുറച്ചു സ്നേഹിക്കുന്നു. (ലൂക്കോസ് 7:47).

നമ്മുടെ അയൽക്കാരെ നമ്മെ പോലെ തന്നെ സ്നേഹിക്കാൻ (മാർക്കോസ് 12:31) ഉള്ള സഹായമാണ് നാം ദൈവത്തോട് അപേക്ഷിക്കുന്നതെങ്കിൽ , എന്ത് ഉത്തരം ആണ് പ്രതീക്ഷിക്കുന്നത്? ഒരു അയൽക്കാരന് (ചിലപ്പോൾ ആ വ്യക്‌തിയെ ആ വിഭാഗത്തിൽ പോലും നാം പെടുത്തുന്നുണ്ടാവില്ല [ലൂക്കോസ് 10:29]. അപ്രതീക്ഷിതമായി ശ്രദ്ധ കൊടുക്കുവാൻ നാം നിർബന്ധിക്കപ്പെടുന്ന തരത്തിലുള്ള ഉത്തരങ്ങൾ നമ്മൾക്ക് അസൗകര്യവും അലോസരവും ഉണ്ടാക്കുന്നതാണ്.

ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത് (സങ്കീർത്തനം 73:28)എന്ന് വിശ്വസിക്കുന്നതുകൊണ്ടു ദൈവത്തിന്റെ സാമീപ്യം നമ്മൾ അപേക്ഷിക്കുകയാണെങ്കിൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മുടെ ഹൃദയത്തെ തകർക്കുന്ന ഉത്തരങ്ങൾ, എന്തെന്നാൽ ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥനാണ് (സങ്കീർത്തനം 34:18).

നമ്മെ ജീവനുള്ള യാഗമാക്കുവാൻ (റോമർ 12:1) ദൈവത്തോട് അപേക്ഷിക്കുകയാണെങ്കിൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മെ തകർക്കുകയും ഹൃദയത്തെ താഴ്ത്തുന്ന ഉത്തരങ്ങളായിരിക്കും ലഭിക്കുന്നത്, എന്തെന്നാൽ ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ? (സങ്കീർത്തനം 51:17).

ദൈവത്തിന്റെ കൃപയുടെ ആഴമേറിയ അനുഭവത്തിനാണ് നാം ചോദിക്കുന്നതെങ്കിൽ,എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മുടെ അഹങ്കാരത്തെ എതിർക്കുന്ന, ഹൃദയത്തെ താഴ്ത്തുന്ന ഉത്തരങ്ങളായിരിക്കും ലഭിക്കുന്നത്. (യാക്കോബ് 4:6).

ദൈവരാജ്യം നമ്മുടെ ജീവിതത്തിലും നമ്മുടെ ചുറ്റുപാടുള്ള ലോകത്തിലും വരുന്നതിനുവേണ്ടി (മത്തായി 6:10) നാം അപേക്ഷിക്കുമ്പോൾ, എന്തുത്തരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മുടെ ആഴത്തിലുള്ള ആത്മീക ദാരിദ്ര്യം വെളിപ്പെടുത്തുന്ന ഉത്തരങ്ങൾ, കാരണം ആത്മാവിൽ ദരിദ്രരായവർക്കുള്ളതാണ് ദൈവരാജ്യം (മത്തായി 5:3).

ഈ ലോകത്തിന്റെ ചെളിക്കുണ്ടിൽ നമ്മൾ തൃപ്തിയടയാതിരിക്കാൻ, നമ്മൾക്ക് ദൈവത്തെ തന്നെ തന്ന് നമ്മെ സംതൃപ്തരാക്കേണമെന്ന് അപേക്ഷിച്ചാൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? ഈ ലോകത്തിൽ ഉള്ള ദുഷ്ടതയും കഷ്ടതയും അന്യായത്തെക്കുറിച്ചും നാം കൂടുതൽ ബോധവാൻമാരാകുന്ന ഉത്തരങ്ങൾ, എന്തെന്നാൽ നീതിക്കു വിശന്നു ദാഹിക്കുന്നവർക്ക് തൃപ്തിവരും (മത്തായി 5:6).

കൂടുതൽ ജ്ഞാനത്തിനും വിവേചനബുദ്ധിക്കായും നമ്മൾ ദൈവത്തോട് അപേക്ഷിച്ചാൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നിരന്തരപ്രവാഹമായി മനസ്സിനെ വളച്ചൊടിക്കുന്ന, കുഴപ്പിക്കുന്ന ഉത്തരങ്ങൾ, നമ്മൾക്ക് മനസ്സിലാക്കാനും പ്രവർത്തിക്കാനും ബുദ്ധിമുട്ടുള്ളതുമായവ, കാരണം സ്ഥിരപരിശീലനത്തിലൂടെ മാത്രമേ നന്മതിന്മകളെ തിരിച്ചറിവാൻ പരിശീലിക്കപ്പെടുകയുള്ളൂ (എബ്രായർ 5:14).

“ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” (ലൂക്കോസ് 17:5) എന്ന് ദൈവത്തോട് അപേക്ഷിച്ചാൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മുടെ ധാരണകൾ വിശ്വാസയോഗ്യമല്ലെന്ന് എന്ന് കണ്ടെത്തുന്ന സാഹചര്യങ്ങളിൽ നാം ആവർത്തിച്ചു എത്തിപ്പെടുകയും ക്രിസ്തുവിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കാൻ നിർബന്ധിതരാകുന്നു, കാരണം ” കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത് ” / ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. (2 കൊരിന്ത്യർ 5 : 7)2 Corinthians 5:7).

“കർത്താവിനു യോഗ്യമാകുംവണ്ണം നടക്കുവാനുള്ള” (കൊലൊസ്സ്യർ 1:10) സഹായം ദൈവത്തോട് അപേക്ഷിച്ചാൽ, എന്തുത്തരം / എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? നമ്മൾ വിചാരിച്ചതിനേക്കാൾ വിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടും സ്നേഹത്തിൽ അന്യോന്യം പൊറുക്കുവാൻ (എഫെസ്യർ 4:2) ആവശ്യമുള്ള ഉത്തരങ്ങൾ. ചരിത്രത്തിൽ ഉടനീളം മിക്ക വിശുദ്ധന്മാരുടെയും പങ്ക്, അനാഥത്വം, ഉപദ്രവം, മോശം പെരുമാറ്റം എന്നിങ്ങനെയുള്ള ഉത്തരങ്ങൾ ആയിരുന്നു, “ലോകം അവർക്കു യോഗ്യമായിരുന്നില്ല” (എബ്രായർ 11:38).

നമ്മൾക്ക് ദൈവത്തെ പൂർണ്ണഹൃദയത്തോടെ സേവിക്കേണ്ടതിന് , പണത്തെ സേവിക്കുന്നത് നിർത്താനുള്ള സഹായത്തിനായി അപേക്ഷിച്ചാൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? പണം നൽകാനുള്ള അസുഖകരമായ ധാരാളം അവസരങ്ങൾ, ഒളിച്ചുവെച്ചിരിക്കുന്ന കരുതൽ ശേഖരം ഇല്ലാതാക്കുന്ന ചിലവുകൾ, ജോലി നഷ്ടപ്പെടുന്നത് പോലും – ഈ ഉത്തരങ്ങൾ പണത്തെ വിട്ടുമാറി ദൈവത്തോട് പറ്റി ചേർന്ന് നിൽക്കുവാൻ നിർബന്ധിക്കുന്നു (ലൂക്കോസ് 16:13).

വത്തിലുള്ള സന്തോഷം കൂടുതൽ അനുഭവിക്കേണ്ടതിന്, നിങ്ങളുടെ സന്തോഷം പൂര്ണമാക്കാൻ (യോഹന്നാൻ 16:24) അപേക്ഷിച്ചാൽ, എന്ത് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്? ഒരിക്കൽ ലാഭം എന്ന് കരുതിയിരുന്ന ഈ ലോകത്തിലെ ഭൗമിക സന്തോഷങ്ങൾ ശൂന്യമായതും പൊള്ളയായതും നഷ്ടവും ആണെന്ന് കാരണമാകുന്ന ഉത്തരങ്ങൾ, കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത അന്വേഷിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു (ഫിലിപ്പ്യർ 3:8).

അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക

 

ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമ്പോൾ പലപ്പോഴും അത് തലതിരിഞ്ഞതാണ് എന്ന് തോന്നും. സാഹചര്യങ്ങൾ അപ്രതീക്ഷിതമായി ഗതി മാറാം, ആരോഗ്യം ക്ഷയിക്കാം, അന്യോന്യ ബന്ധങ്ങളിലുള്ള വേദനാജനകമായ മാറ്റങ്ങളാകാം, സാമ്പത്തിക ബുദ്ധിമുട്ടുകളാകാം, പരസ്‌പരബന്ധമില്ലാത്ത ആത്മീകവും വൈകാരികവുമായ സംഘർഷങ്ങൾ ഉടലെടുക്കാം. നാം വ്യക്തമായി മുന്നോട്ടു പോകാത്തതുകൊണ്ടു തന്നെ പിന്നോട്ട് പോകുന്നതായി തോന്നാം. യഥാർത്ഥത്തിൽ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമ്പോൾ, നമ്മൾ അസഹ്യമായ അമ്പരപ്പിലും ദേഷ്യത്തിലും നിലവിളിക്കുന്നു (സങ്കീർത്തനം 13:1ഇയ്യോബ് 30:20പ്രാർത്ഥനയുടെ ഉത്തരങ്ങൾ വ്യത്യസ്തമായി കാണുകയും അനുഭവപ്പെടുകയും ചെയ്യും എന്ന് നമ്മൾ പ്രതീക്ഷിച്ചു.

ഇത് സത്യമായതിനാൽ, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി ദൈവത്തോട് ചോദിക്കാതിരിപ്പാനുള്ള പ്രലോഭനം നമ്മൾക്കുണ്ടാകാം . സന്തോഷത്തിനുവേണ്ടി ഉള്ള പ്രാർത്ഥനയ്ക്കു അസുഖകരമായ ഉത്തരങ്ങൾ ആർക്കാണിഷ്ടം?

ഇപ്രകാരമുള്ള ഹ്രസ്വദൃഷ്ടിയുള്ള ചിന്താഗതിയാൽ നാം വഞ്ചിക്കപ്പെടരുത് . യേശുവിന്റെ വാഗ്ദാനം ഓർക്കുക : ചോദിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും, ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും.” (യോഹന്നാൻ 16:24) പൂർണ്ണസന്തോഷത്തിലേക്കുള്ള പാത ചിലപ്പോൾ കഠിനമായിരിക്കാം, യേശു തന്നെ നമ്മോട് അത് പറയുന്നു (യോഹന്നാൻ 16:33മത്തായി 7:14അപ്പോൾ അത് എടുക്കാതിരിക്കുന്നതിന് ഒരു കാരണവുമില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത്? ചെറിയ, ആഴമില്ലാത്ത , നേർത്ത സന്തോഷങ്ങളാണോ? അല്ല ! പൂർണ്ണസന്തോഷം തിരഞ്ഞെടുക്കുക ! എബ്രായലേഖനകർത്താവ് നമ്മോടു പറയുന്നത് ഓർക്കുക :

ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും (എബ്രായർ 12:11)

പ്രാർത്ഥനയ്ക്കുള്ള ദൈവത്തിന്റെ ഉത്തരങ്ങളോടുള്ള ബന്ധത്തിൽ, അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക. ദൈവം നൽകുന്ന ഏറ്റവും വിലയേറിയതും ആഴത്തിലുള്ള സന്തോഷങ്ങളും മിക്കവാറും വരുന്നത് വേദനയിൽ പൊതിഞ്ഞാണ്.

 
ജോൺ ബ്ലൂം

ജോൺ ബ്ലൂം

ജോൺ ബ്ലൂം Desiring God-ഇന്റെ സ്ഥാപകരിൽ ഒരാളാണ്. 750-ൽ അധികം ലേഖനങ്ങൾ എഴുത്തിയിട്ടുള്ള ഇദ്ദേഹം Desiring God-ഇൽ ബോർഡ് മെമ്പറുമാറിൽ ഒരാളായി സേവനം അനുഷ്ഠിക്കുന്നു.

ജോൺ ബ്ലൂം Desiring God-ഇന്റെ സ്ഥാപകരിൽ ഒരാളാണ്. 750-ൽ അധികം ലേഖനങ്ങൾ എഴുത്തിയിട്ടുള്ള ഇദ്ദേഹം Desiring God-ഇൽ ബോർഡ് മെമ്പറുമാറിൽ ഒരാളായി സേവനം അനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *